2 February 2010

ഏലക്കാമണമുള്ള ചായ by പിന്തിരിപ്പന്‍


മയം രാത്രി ഏഴു മണി കഴിഞ്ഞിരിക്കുന്നു.
ജബൽ അഫീത്തിന്റെ മുകളിൽ നിന്നും താഴേക്കു നോക്കുമ്പോൾ തെരുവുവിളക്കുകൾ മിന്നാമിന്നികൾ പോലെ തോന്നി.
ബാല്യത്തിന്റെ കൌതുകം നിറഞ്ഞ കണ്ണുകൾ എനിക്കു ചിമ്മുവാൻ കഴിയുന്നില്ല.
അവധിക്കാലം പടിയിറങ്ങുമ്പോൾ വേദനിക്കുന്ന ഹൃദയം പോലെ ഉള്ളിൽ ഒരു തേങ്ങൽ.
മലയിറങ്ങുകയാണ് ഞങ്ങൾ.
ഇവിടുന്ന് ബർദുബൈയിലെത്തുമ്പോഴേക്കും നാലു മണിക്കൂറെങ്കിലും എടുക്കും. അവിടെ നിന്നും അൽഖൂസിലേക്ക് എങ്ങനെ പോകും?
നാളെ ജോലിക്ക് പോകാനുള്ളതാണ്. ഇന്നലെ രാത്രിയും വേണ്ടത്ര ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
എന്താണൊരു വഴി?

ആരോടു ചോദിക്കും?
എല്ലാവരും കൂട്ടത്തിലെ വിശേഷങ്ങൾ പറഞ്ഞുതീരാതെ ആർത്തുല്ലസിക്കുകയാണ്. എന്റെ നൊമ്പരങ്ങൾക്കെന്തു വില.?

രാവിലെ 8 മണിക്ക് തുടങ്ങിയതാണ് യാത്ര. മുതീന ഷെരാട്ടനിൽ എത്തുമ്പോൾ നജ്മിക്കയും (നക്ഷത്രം) കോമ്രേഡ് നിസാമും നിൽക്കുന്നു. ഞങ്ങൾ പരിചയപ്പെട്ടു. ഒരു ചായക്കായി ഹോട്ടലിലേക്ക് നീങ്ങുമ്പോൾ നിസാർ വിളിച്ചു:

“നീ എവിടെയെത്തി?........ വേഗം ഹാപ്പി ലാന്റിന്റെ പുറകിലേക്ക് വാ........”

ചായ വേണ്ടെന്ന് വച്ച് ഞങ്ങൾ ഓടി.

അവിടെ കാത്തുനിന്നത് കൂട്ടത്തിൽ ഡിസ്കുകളിലൂടെ മാത്രം കണ്ടു പരിചയിച്ച കുറേ പേർ. വാക്കുകളുടെ ഒരു ലോകം. ഓൺലൈനിൽ മാത്രം പരിഭവം പറഞ്ഞവർ, തല്ലു കൂടിയവർ, ഉത്സവങ്ങളും മത്സരങ്ങളും നടത്തിയവർ.
ഓരോരുത്തരെയും പരിചയപ്പെട്ടു. ചോലക്കൽ എന്തോ മറന്നുപോയതായി ഭാര്യ പരാതി പറയുന്നു. കാസിമിക്ക കാമറയും തൂക്കി ടാക്സി പിടിച്ചു വരുന്നു.
യൂണിഫോമിട്ട റൈമുവും കൂട്ടരും അവിടെ പാരയുടെ ചെപ്പ് തുറന്നു തൊടുത്തു തുടങ്ങി.

താമസിയാതെ എല്ലാവരും ബസിൽ ഇരുപ്പുറപ്പിച്ചു.

ചായ കുടിക്കാനായി കരാമയിൽ നിർത്തി.
അവിടെ റസ്റ്റോറന്റിൽ ഓലപ്പാമ്പിനെ കണ്ടു.......ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല. !
കൂട്ടത്തിലെ ശുദ്ധഫലിതത്തിന്റെ ആശാൻ !

ആശയപരമായ ഏറ്റുമുട്ടലുകളിലൂടെ പ്രമുഖനായ വിഷ്ണുവിനെ കണ്ടപ്പോൾ അതു വിഷ്ണുവാണെന്ന് വിശ്വസിക്കാൻ നേരിയ പ്രയാസം.
പടയാളികൾ മുഴുവൻ പങ്കു വെച്ചത് ചർച്ചകളിലെ താരങ്ങളെക്കുറിച്ചു മാത്രം..... പയ്യൻസ്, കുമാർ, കടവ്, ലക്ഷ്മി...............അങ്ങനെ നീണ്ടു പോകുന്ന നിര..!

നന്ദുവും സിറുവും വരുമെന്ന് കരുതിയാണ് ടൂർ സംഘടിപ്പിച്ചതെങ്കിലും അവരുടെ അസാന്നിദ്ധ്യവും കൂട്ടം ടൂറിലെ ചർച്ചയായി.
അൽ ഐനിൽ ജുമുഅ കഴിഞ്ഞു വരുമ്പോൾ കണ്ടത് ശരത്തിന്റെ ചെറിയ(?) ശരീരത്തിലെ വലിയ മനസ്സായിരുന്നു...!
നിസാമും സാലുവും തമ്മിൽ പങ്കിട്ട നിമിഷങ്ങൾ എൻപിടിയുടെ കാമറക്ക് കൌതുകമുള്ള കാഴ്ചയായി.

കോളേജ് ടൂറിന്റെ ആവേശം പകർന്ന് ശ്രീക്കുട്ടന്റെ പാരഡികൾ.........!

അൽ ഐനിലെത്തിയപ്പോൾ ഭക്ഷണത്തിന്റെ സമയം അതിക്രമിച്ചിരുന്നു. തണലുള്ള ഒരു സ്ഥലം തേടി കുറേ അലഞ്ഞു.
ഒടുവിൽ സൌഹൃദത്തിന്റെ തണലിൽ എല്ലാവരും ഇരുന്നു..വെയിലിന്റെ ആക്രമണം കടുത്തിരുന്നത് ആരും അറിഞ്ഞില്ല.

പിന്നെ കുന്നുകളും മലകളും കയറി കുറേ സമയം ചെലവഴിച്ചു.
കൊച്ചുകുട്ടികൾ ആയാസമില്ലാതെ മല കയറുന്നത് കണ്ടപ്പോൾ ഉള്ളിൽ ബാല്യത്തിന്റെ നെടുവീർപ്പുകൾ....ഡിസൈനർ നൌഷാദിന്റെ ഇടവഴികൾ ഓർമയിൽ നിറഞ്ഞു തുളുമ്പി.
നഷ്ടപ്പെടലിന്റെ വേദനകൾ..........ബിജോയുടെ കാമറകൾ അപ്പോഴും ആരെയോ തേടുന്നുണ്ടായിരുന്നു.


വിശേഷങ്ങൽ പറഞ്ഞു തീർന്നില്ല.
ജബൽ അഫീത്തിലേക്കുള്ള യാത്ര തുടങ്ങി.
ഓരോ വളവുകൾ തിരിയുമ്പോഴും താഴെ പൊട്ടുകൾ പോലെ കെട്ടിടങ്ങൾ.

മൂടൽ മഞ്ഞു തുടങ്ങിയോ ? സമീരാന്റെ മഴത്തുള്ളിഗ്രാമം മനസ്സിൽ നിറഞ്ഞു.

ഞങ്ങൾക്ക് ആവേശം അവസാനിച്ചില്ല, വിഷ്ണുവാണ് പറഞ്ഞത് മുകളിലേക്ക് പോകാമെന്ന്.
ചന്തുവേട്ടനും കുറുപ്പും കൂടിയപ്പോൾ ഒപ്പം ഞാനും നടന്നു.

ഓടിക്കിതച്ചു കുറച്ചു ദൂരം. പിന്നെ അല്പം വിശ്രമം.
ഒടുവിൽ ലക്ഷ്യത്തിന്റെ നെറുകയിലെത്തുമ്പോൾ മഗ് രിബ് നമസ്കാരത്തിന്റെ ബാങ്കൊലി.

ഞങ്ങൾ ഇരുന്നു. അസ്തമനത്തിന്റെ ഭംഗി കണ്ടു.
കുറേ കഴിഞ്ഞപ്പോൾ താഴേക്കിറങ്ങി.
താഴെ വീണ്ടും പാട്ടും നൃത്തവും. ഒരു ക്യാമ്പ് ഫയറിന്റെ പ്രതീതി........!

ബസ് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇടക്ക് ചായക്കായി നിറുത്തി.
വരുന്നുണ്ടോ എന്ന് വിഷ്ണു ചോദിച്ചതാണ്, ഇല്ലെന്നു പറഞ്ഞു.

നാച്ചിക്ക ഒരു ചായയുമായി വന്നപ്പോൾ വെറുതെ ചോദിച്ചതാണ്:
“എനിക്കില്ലെ?”
വേഗം നാച്ചിക്ക ഓടിപ്പോയി, ഞാൻ പറഞ്ഞു ‘വെറുതെ പറഞ്ഞതാണെ’ന്ന്. കേട്ടില്ല.

തിരികെ ഒരു ചായയുമായി വന്നു. ഏലക്കായുടെ മണം. നല്ല രുചി. ഇത്രയും രുചിയുള്ള ചായ ഞാൻ അടുത്തെങ്ങും കുടിച്ചിട്ടില്ല്ല.
ചായക്കപ്പ് എന്തു ചെയ്യണമെന്നറിയാതിരുന്നപ്പോൾ കുറുപ്പാണ് ഡസ്റ്റ് ബിന്നിലേക്ക് എടുത്തിട്ടത്.
സ്നേഹത്തിന്റെ മധുരം !

അബൂദബിയിലേക്കുള്ളവരും ഷാർജയിലേക്കുള്ളവരും ഇറങ്ങിക്കഴിഞ്ഞു.

ബസ് ഒടുവിലത്തെ സ്റ്റോപ്പിലെത്തി. ഷാഫിക്കയോടൊപ്പം ഇറങ്ങി.
അപ്പോഴാണ് പെട്ടെന്നൊരു പ്രതിസന്ധി.
ഷാഫിക്കയുടെ വണ്ടിയിൽ ആളധികമാണ്.

എന്തു ചെയ്യും?

ശ്രീജു വെള്ളായണി പറഞ്ഞു: “ബർദുബൈ വരെ ഞാൻ ആക്കിത്തരാം”

അവനോടൊപ്പം കൂടി, 11 മണിക്ക് ബർദുബൈ സ്റ്റാന്റിൽ എത്തി.
“അൽഖൂസിലേക്കുള്ള ബസ് എപ്പോഴാ ണ്?”
“അര മണിക്കൂറിനുള്ളിൽ വരും” അവർ പറഞ്ഞു.

ഇനി അരമണിക്കൂർ. ഭക്ഷണം കഴിച്ചിട്ടില്ല. ശ്രീജു പറഞ്ഞു:
“വാ നമുക്ക് ഊണു കഴിക്കാം”
ബസ് വരാത്തതിന്റെ ടെൻഷൻ ഒരു വശത്ത്...വിശപ്പ് മറുവശത്ത്.

പുട്ടും ചിക്കനും മീനും ഒക്കെ കൂടി ഒരു ഊണ്.......രാവിലെ നക്ഷത്രത്തോടൊപ്പം പുട്ടിലായിരുന്നു തുടക്കം എന്ന് ഞാനോർത്തു.
ഇടക്ക് ഓലപ്പാമ്പിന്റെ കൂൾഡ്രിംഗ്സ്. പിന്നെ വിഷ്ണുവാങ്ങിത്തന്ന ബിസ്കറ്റും വെള്ളവും.

ഭക്ഷണം കഴിച്ചശേഷം ബസ്സ്റ്റാന്റിൽ നിന്നു.
ബസ് വന്നത് 12 മണിക്ക്.

ഞാൻ ബസ്സിലിരുന്നു.
വെള്ളായണി ദൂരെ കാഴ്ചയിൽ മറഞ്ഞു.
ജാലകങ്ങൾക്കിടയിലൂടെ ഇരുട്ടുപരക്കുന്നത് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

എപ്പോഴാവും റൂമിലെത്തുക?

ദൂരെ നക്ഷത്രങ്ങൾ മിന്നിത്തെളിയുന്നത്..................
തെരുവുവിളക്കുകൾ കത്തുന്നത്.............................
പഴയൊരു കാമ്പസ് ടൂറിന്റെ ഓർമ്മകൾ !

എനിക്കുറങ്ങാൻ കഴിഞ്ഞില്ല എന്നിട്ടും.

5 comments:

  1. നല്ല രസകരമായി അവതരിപ്പിച്ചു

    ReplyDelete
  2. പിന്തു.....നന്നായി എഴുതിയിട്ടുണ്ട്...

    ReplyDelete
  3. ബാല്യത്തിന്റെ കൌതുകം നിറഞ്ഞ കണ്ണുകള്‍ എനിക്കു ചിമ്മുവാന്‍ കഴിയുന്നില്ല.
    അവധിക്കാലം പടിയിറങ്ങുമ്പോൾ വേദനിക്കുന്ന ഹൃദയം പോലെ ഉള്ളില്‍ ഒരു തേങ്ങല്‍

    നന്നായിട്ടുണ്ട്...........

    ReplyDelete
  4. എവിടെയൊക്കെയോ.. വല്ലാതെ .......
    നഷ്ട്ട ബോധം തോന്നി... ഇത്തരം ഒരു യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍.
    ഇനിയും ഉണ്ടാവുമോ?
    നല്ല അവതരണവും.... പഴയ കോളേജ് ടൂര്‍ ഓര്‍മിപ്പിച്ചു.

    ReplyDelete